അമിത് ഷായുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അതേ വേദിയില്‍ രാഹുല്‍ ഗാന്ധി

rahul gandhi

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. ആഗസ്റ്റിലാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഔദ്യോഗികമായി തുടങ്ങിയത്. അതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെത്തുന്നത്.

പ്രചാരണ പരിപാടിക്കെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജസ്ഥാനില്‍ വച്ച് കോണ്‍ഗ്രസിനെ അതിശക്തമായി വിമര്‍ശിച്ചിരുന്നു. അതേ വേദിയിലാണ് ഇന്ന് രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുക. സാഗ്വാരയിലെ ദംഗര്‍പൂരിലാണിത്.

റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധനവില വര്‍ധന എന്നിവക്ക് പുറമെ സ്ത്രീ സുരക്ഷ, കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ട കൊല, തുടങ്ങിയവയാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നത്. പൊതുസമ്മേളനത്തിനു ശേഷം രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

പരിപാടിക്ക് മൂന്ന് ലക്ഷം പേര്‍ എത്തുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വസുന്ധര രാജെ സര്‍ക്കാരിനെതിരായ വികാരം മുതലെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

കള്ളന്‍മാര്‍ക്കു വാതില്‍ തുറന്നുകൊടുത്ത ദ്വാരപാലകനായിരുന്നു നരേന്ദ്ര മോദിയെന്ന് ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ നടന്ന പൊതുയോഗത്തില്‍ ഇന്നലെ രാഹുല്‍ തുറന്നടിച്ചിരുന്നു.

മോദി യഥാര്‍ഥ ദ്വാരപാലകനായിരുന്നെങ്കില്‍ വായ്പാതട്ടിപ്പു നടത്തിയ വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പുറത്താക്കുമായിരുന്നു. ജെയ്റ്റ്ലിയെ പുറത്താക്കാതിരുന്നത് അദ്ദേഹം തന്നെ ഒരു അഴിമതിക്കാരനായതു കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.

Top