ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് യു.എ.ഇ. പര്യടനവുമായ് രാഹുല്‍

ദുബായ്: രണ്ട് ദിവസത്തെ യു.എ.ഇ. പര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പ്രവാസികളുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനുമാണ് യുഎഇ പര്യടനം എന്ന് എഐസിസി അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കാല്‍ ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. സാംസ്‌കാരിക സംഗമത്തിലെ മുഖ്യാതിഥിയും രാഹുലാണ്.വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച അബുദാബിയിലും ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) ഒരുക്കുന്ന പരിപാടികളിലും രാഹുല്‍ പങ്കെടുക്കും.

യു.എ.ഇ. സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന വേളയിലാണ് ഗാന്ധിജിയുടെ സന്ദേശങ്ങളെ ഇന്ത്യ എന്ന ആശയത്തെ (ഐഡിയ ഓഫ് ഇന്ത്യ) മുന്‍നിര്‍ത്തി സാംസ്‌കാരിക സംഗമം നടത്തുന്നത്. രാഷ്ട്രീയത്തിന് പകരം ഈ വിഷയത്തിലായിരിക്കും രാഹുലിന്റെ പ്രസംഗം. ഈ വര്‍ഷത്തെ രാഹുലിന്റെ ആദ്യ വിദേശപര്യടനം കൂടിയാണ് യുഎഇ സന്ദര്‍ശനത്തിലൂടെ സാധ്യമാവുക.

Top