ചിദംബരത്തിന്റെ 106 ദിവസത്തെ ജയില്‍ വാസത്തിന് പിന്നില്‍ പകപോക്കല്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിചാരണവേളയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ചിദംബരത്തെ 106 ദിവസം തടവിലാക്കിയത് പ്രതികാരവും പകപ്പോക്കലുമായിരുന്നുവെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചു.

106ദിവസത്തെ കസ്റ്റഡിക്ക് ഒടുവിലാണ് മുന്‍ ധനമന്ത്രി പി ചിദംബരത്തിന് മൂന്നംഗ ബെഞ്ച് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 21നാണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ സിബിഐ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ നാടകീയമായി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഒക്ടോബര്‍ 16ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഈ കേസിലാണ് ഇപ്പോള്‍ സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

Top