കാര്‍ഷിക മേഖല കൈക്കലാക്കാന്‍ കുറച്ചുപേർ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

കൽപറ്റ: കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കൽപറ്റയിൽ ട്രാക്ടർ റാലി നടത്തി. മണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ടന്നും എന്നാൽ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. കാര്‍ഷിക മേഖല കൈക്കലാക്കാന്‍ കുറച്ചുപേർ ശ്രമിക്കുകയാണ്.അതിനവരെ സഹായിക്കുന്നവയാണ് കാര്‍ഷിക നിയമങ്ങളെന്നും ട്രാക്ടര്‍ റാലിക്ക് ശേഷം സംസാരിക്കവേ രാഹുൽ പറഞ്ഞു.

അതേസമയം,വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത് കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ ബഫർസോൺ ആക്കിയതെന്നാണ് കേന്ദ്ര വിശദീകരണമെന്നും സംസ്ഥാന ഗവൺമെൻറ് നിലപാട് മാറ്റിയാൽ കേന്ദ്രം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഗവൺമെൻറ് പ്രശ്നം പരിഹരിക്കാൻ മുന്നോട്ടുവരണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Top