അമേരിക്കയിലും ട്രക്ക് സവാരി നടത്തി രാഹുൽ ഗാന്ധി; 190 കിലോമീറ്റർ യാത്ര

മേരിക്കന്‍ സന്ദർശനത്തിനിടെയുള്ള ട്രക്ക് സവാരിയുടെ വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വാഷിംഗ്ടണ്‍ ഡി സിയിൽ നിന്ന് ന്യൂയോര്‍ക്കിലേക്കാണ് രാഹുൽ ട്രക്ക് സവാരി നടത്തിയത്. 190 കിലോമീറ്റര്‍ നീണ്ട യാത്രയുടെ വിവരങ്ങൾ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിലൂടെ പങ്കുവച്ചത്. ട്രക്ക് ഡ്രൈവര്‍ തല്‍ജീന്ദര്‍ സിങ്ങിനൊപ്പമായിരുന്നു ഈ ട്രക്ക് സവാരിയെന്നും രാഹുൽ വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും ട്രക്ക് ഡ്രൈവർമാരുടെ സാഹചര്യവും മറ്റും വിശദമായി അറിയാൻ യാത്ര ഉപകരിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു.

യു എസിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ യാത്ര ഉപകരിച്ചെന്നും രാഹുൽ വ്യക്തമാക്കി. ഇന്ത്യൻ വംശജനായ തൽജീന്ദർ സിംഗുമൊത്തുള്ള യാത്രക്കിടെ രാഷ്ട്രീയ കാര്യങ്ങളും ചർച്ചാ വിഷയമായി. ഇന്ത്യയിലേയും അമേരിക്കയിലേയും ട്രക്ക് ഡ്രൈവര്‍മാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. നേരത്തെ ഇന്ത്യയില്‍ മുര്‍ത്തലില്‍ നിന്ന് അംബാല വരെയും, അംബാലയില്‍ നിന്ന് ചണ്ഡിഗഡ് വരെയും ദില്ലിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് സവാരി നടത്തിയതിന്റെ അനുഭവങ്ങളും രാഹുൽ ഇതിനൊപ്പം പങ്കുവച്ചു. ഡ്രൈവര്‍മാരെ മനസ്സറിഞ്ഞാണ് അമേരിക്കയില്‍ ട്രക്ക് നിര്‍മ്മിച്ചിട്ടുള്ളതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ട്രക്കുകള്‍ ഡ്രൈവര്‍മാരുടെ സുഖസൗകര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യന്‍ ട്രക്കുകളെ അപേക്ഷിച്ച് അമേരിക്കന്‍ ട്രക്കുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നാണ് തല്‍ജീന്ദര്‍ സിങ്ങ് പറഞ്ഞതെന്നും രാഹുൽ വിശദീകരിച്ചു.

Top