രാഹുല്‍ ഗാന്ധി പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പത്ത് ദിന യു.എസ് സന്ദര്‍ശനത്തിന്. മേയ് 28നാണ് പുറപ്പെടുക. മേയ് 31ന് തീരുമാനിച്ച യാത്രയാണ് മൂന്ന് ദിവസം നേരത്തെയാക്കിയത്. മേയ് 29, 30 തിയതികളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കും.

നേരത്തെ, യു.കെ സന്ദര്‍ശനത്തിനിടെ രാഹുല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ ഇന്ത്യയിലെ സര്‍ക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം ബി.ജെ.പി വിവാദമാക്കിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.

Top