രാഹുൽ അധ്യക്ഷസ്ഥാനത്തു തുടരണമെന്നാവശ്യപ്പെട്ട് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ശ്രമം നടത്തി. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് മുമ്പിലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആത്മഹത്യ ശ്രമം നടത്തിയത്.

അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എഐസിസി ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചു.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിട്ടതിനേത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ളയാളാകണം പുതിയ അമരക്കാരനെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു.

അതേ സമയം രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരാണെന്ന് രാഹുലുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി.

Top