രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരണം; കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

ബംഗളൂരു: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുന്‍മുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പാര്‍ട്ടിക്ക് രാഹുല്‍ഗാന്ധിയുടെ നേതൃത്വം ആവശ്യമുള്ള സമയമാണിതെന്നും അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണ കാലത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു.അഞ്ച് വര്‍ഷത്തെ മോദി ഭരണം സാമ്പത്തികാവസ്ഥ തകര്‍ത്തിട്ടും ജനം വീണ്ടും മോദിയെ അധികാരത്തിലേറ്റിയത് തന്നെ അത്ഭുതപ്പെടുത്തി എന്നും സിദ്ധരാമയ്യ പറഞ്ഞു.

പുതിയ മോദി സര്‍ക്കാരിനും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്‌തെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു.

ബിജെപി നേതാക്കളുടെ ‘നാടക’ത്തിലും കള്ളങ്ങളിലും ജനം വീണു. ഇന്റലിജന്റ്‌സ് വീഴ്ചയായിരുന്നു പുല്‍വാമ ആക്രമണം. ദേശീയസുരക്ഷയില്‍ അലംഭാവം കാണിച്ചു. അവരുടെ വീഴ്ചയെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമുണ്ട്. ഈ രാജ്യത്തെ പൗരനായി ജീവിക്കുന്നിടത്തോളം കാലം അവരുടെ വീഴ്ചകളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top