കെ റെയിൽ സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കെ റെയിൽ സമരത്തിന് പിന്തുണയറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെ റെയിൽ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സമര സമിതി നേതാക്കളെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ വച്ചാണ് കെ റെയിൽ വിരുദ്ധ സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കല്ലമ്പലത്താണ് ഇന്ന് സമാപിക്കുന്നത്. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

അതിനിടെ, കാക്കി നിക്കർ കത്തുന്ന ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചതില്‍ വിവാദം തുടരുകുയാണ്. രൂക്ഷമായ വിമർശനം നടത്തി ബിജെപി രംഗത്തെത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ആര്‍എസ്എസും രംഗത്തെത്തി. വെറുപ്പെടെയാണ് നടത്തുന്നതെങ്കില്‍ ഭാരത് ജോഡോ യാത്ര രാഷ്ട്രീയ നാടകമായി മാറുമെന്ന് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ പൂർവികർക്ക് പോലും ആർഎസ്എസിനെ തകർക്കാനായിട്ടില്ലെന്നും മൻമോഹൻ വൈദ്യ പറഞ്ഞു.

Top