നാഷണൽ ഹെറാള്‍ഡ് കേസിൽ രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ ഡിയുടെ സമന്‍സ്

രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ് അയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റെന്ന കേസിലാണ് സമൻസ്. ഈ മാസം 13ന് ഹാജരാകാനാണ് ആവശ്യം.

രാഹുൽ വിദേശത്തായതിനാൽ ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നൽക്കുകയായിരുന്നു. കേസില്‍ സോണിയാ ഗാന്ധിയോട് ജൂണ്‍ എട്ടിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടിന് ഹാജരാകാനായിരുന്നു രാഹുലിനോട് ഇ ഡി ആദ്യം ആവശ്യപ്പെട്ടത്. വിദേശത്തായതിനാല്‍ തീയതി മാറ്റിത്തരണമെന്ന് രാഹുല്‍ അഭ്യര്‍ഥിച്ചതിനെ തുടർന്നാണ് പുതിയ സമന്‍സ് നല്‍കിയത്.

2015ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി കേസെടുത്തത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമ വിരുദ്ധമായി മറിച്ചു വിറ്റു എന്നതാണ് ഹർജി. 50 ലക്ഷം രൂപക്ക് 2000 കോടിയുടെ വസ്തുവകകളും ഓഹരിയും നെഹ്‌റു കുടുംബം സ്വന്തമാക്കിയെന്നാണ് ആരോപണം. 2015ല്‍ പട്യാല ഹൗസ് കോടതിയിൽ ഹാജരായ സോണിയയയും രാഹുലും കേസില്‍ ജാമ്യം നേടിയിരുന്നു.

Top