മല്യ രാജ്യം വിടും മുമ്പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് രാഹുല്‍ ഗാന്ധി

ലണ്ടന്‍: വായ്പ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

ലണ്ടനിലേക്ക് മുങ്ങുന്നതിന് മുമ്പ് മല്യ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും, അവരുടെ പേരുകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

മാത്രമല്ല, മല്യ അടക്കമുള്ള സാമ്പത്തിക തട്ടിപ്പ് കുറ്റവാളികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

വജ്രവ്യാപാരിയും 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ബന്ധമുണ്ടെന്നും രാഹുല്‍ ആരോപിച്ചു. അതിനാലാണ് കേന്ദ്രം അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ പ്രതിയായ മല്യയെ കഴിഞ്ഞ ഏപ്രിലിലാണ് ലണ്ടനില്‍ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ജാമ്യത്തിലാണ് മല്യ.

Top