എന്നെയും കുടുംബത്തെയും കാത്തതിന് നന്ദി, എല്ലാ ഭാവുകങ്ങളും; എസ്പിജി സുരക്ഷ പിന്‍വലിച്ചതില്‍ രാഹുല്‍

ന്യൂഡല്‍ഹി : എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. “കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്‍റേയും കുടുംബത്തിന്‍റെ ജീവന്‍ രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച എസ്‍പിജിയിലെ എന്‍റെ സഹോദരീസഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ അര്‍പ്പണത്തോടെയും പിന്തുണയോടെയുമുള്ള എന്‍റെ യാത്രകള്‍ സ്നേഹപൂര്‍വമായിരുന്നു. അതൊരനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു”.-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇതിനിടെ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സുരക്ഷാ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. സി.ആര്‍.പി.എഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഇവര്‍ക്ക് നല്‍കും.

നെഹ്റു കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാകും രാജ്യത്ത് എസ്.പി.ജി സുരക്ഷ. ആഭ്യന്തരവകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് തീരുമാനമെടുത്തതെന്നാണ് സൂചന.

നിലവില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിവന്നിരുന്ന എസ്.പി.ജി സുരക്ഷയും പിന്‍വലിച്ചിരുന്നു.

Top