യാത്രാ നിരോധനം: പ്രഗത്ഭനായ അഭിഭാഷകനെ തന്നെ നിയോഗിക്കുമെന്ന് രാഹുല്‍ ഗാന്ധി

കല്‍പറ്റ: രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ തന്നെ രാത്രി യാത്ര നിരോധന വിഷയം നിയമപരമായി കൈകാര്യം ചെയ്യാന്‍ നിയോഗിക്കുമെന്ന് വയനാട് എംപി രാഹുല്‍ഗാന്ധി.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നായി ചേര്‍ന്ന് പോകുന്ന ഈ വിഷയത്തില്‍ ബുദ്ധിപരമായി ഇടപെട്ട് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്-കൊല്ലഗല്‍ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് വയനാട്ടിലെ ബത്തേരിയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നിരാഹാരസമരം പത്താംദിവസത്തിലേക്ക് കടക്കുന്ന വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കാണ് രാഹുല്‍ ഗാന്ധി സമരപന്തലിലെത്തിയത്.രാഹുല്‍ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും സമരപന്തലിലെത്തിയിരുന്നു.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ഈ വിഷയത്തിലില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഒന്നായി ചേര്‍ന്നിരിക്കുകയാണ്. ഈ പ്രശ്നം കാര്യക്ഷമമായി പരിഹരിക്കണം. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ഇത്‌സാധ്യമായിട്ടുണ്ട്. അതിവിടെയും സംഭവിക്കേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുഭാവപൂര്‍വ്വമായ ഇടപെടല്‍ ആവശ്യമാണ്’, രാഹുല്‍ പറഞ്ഞു.

രാത്രിയാത്രാനിരോധനം പിന്‍വലിക്കുക, പാത പൂര്‍ണമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്.

Top