‘ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ല, സവർക്കർ സഹായധനം വാങ്ങി’; രാഹുൽ​ഗാന്ധി

ബെംഗളൂരു: ആർഎസ്എസിനെ കടന്നാക്രമിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്ത്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ആർഎസ്എസിനെതിരെ വിമർശിച്ച് രം​ഗത്തെത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലായിരുന്നുവെന്നും വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാറിന്റെ സഹായധനം കൈപ്പറ്റിയിരുന്നെന്നും രാഹുൽ പറഞ്ഞു. സ്വാതന്ത്ര്യസമരം നടന്ന കാലം ബിജെപി രൂപീകരിച്ചിട്ട് പോലുമില്ല. അവർക്ക് സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ല. എന്റെ അറിവനുസരിച്ച് ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ആർഎസ്എസ് ചെയ്തത്. അവരുടെ നേതാവ് സവർക്കർ ബ്രിട്ടീഷ് സർക്കാറിൽ നിന്ന് സഹായധനം കൈപ്പറ്റിയിരുന്നു. ഈ വസ്തുതകളൊന്നും ബിജെപിക്ക് മറക്കാനാകില്ല. കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവർ രാജ്യ വിരുദ്ധരാണെന്നും അവർക്കെതിരേ പോരാടണമെന്നവും പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ രാഹുൽ ​ഗാന്ധി പറഞ്ഞു.

പുതുതായി തെര‍ഞ്ഞെടുക്കപ്പെടുന്ന കോൺ​ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും പാർട്ടിയെ മുന്നോട്ട് നയിക്കാനുമുള്ള അവസരമുണ്ടായിരിക്കുമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരിലാരെയെങ്കിലും റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് ഇരുവരെയും അപമാനിക്കലാണ് എന്നും രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ബം​ഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംവ​ദിക്കുകയായിരുന്നു രാഹുൽ.

Top