തെറ്റായ നയങ്ങളുടെ ഇരകള്‍ ജനങ്ങളാണ്; മോദിസര്‍ക്കാരിനെതിരെ സോണിയഗാന്ധി

sonia

ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകള്‍ ജനങ്ങളാണെന്നും എന്നാല്‍, മോദി സ്വയം ഇരപരിവേഷം കെട്ടുയാമെന്നും സോണിയ ഗാന്ധി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നതിനാണ് മോദിസര്‍ക്കാര്‍ ശ്രമിച്ചതെന്നും യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട് സോണിയ വ്യക്തമാക്കി.

അതേസമയം, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. സ്ഥാനാര്‍ത്ഥിപട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ചര്‍ച്ചനടത്തും.

ഇന്ന് വൈകിട്ട് 3.30ന് രാഹുല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാഗര്‍കോവിലേക്ക് പോകും. 4.20ന് കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരം വഴി കൊച്ചിയിലെത്തി തൃശ്ശൂരില്‍ തങ്ങും.

നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന അദ്ദേഹം ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. പിന്നീട് കാസര്‍ഗോഡെത്തി കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളും സന്ദര്‍ശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ജനമഹാറാലിയിലൂടെ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാകും.

Top