കണ്ണടച്ചിരുന്ന ആള്‍ ബജറ്റ് മനസിലാക്കിയിട്ടില്ല, ആ വിമര്‍ശനത്തെ കണക്കാക്കുന്നില്ല; സ്മൃതി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പൊതുബജറ്റിന് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ മറുപടിയും നല്‍കുന്നുണ്ട്.

ബജറ്റില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും എല്ലാം പൊള്ളയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പൊള്ളയാണെന്ന് വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ബജറ്റ് എന്താണെന്ന് മനസ്സിലായോ എന്നാണ് സ്മൃതിയുടെ പരിഹാസ ചോദ്യം.

‘പാര്‍ലമെന്റില്‍ രാഹുലിന്റെ മുന്നിലാണ് ഞാന്‍ ഇരുന്നത്. ബജറ്റ് അവതരണത്തിനിടെ രാഹുല്‍ കണ്ണടച്ചിരിക്കുകയായിരുന്നു. നികുതി പരിഷ്‌കരണത്തെക്കുറിച്ച് ധനമന്ത്രി സംസാരിക്കുമ്പോള്‍ രാഹുല്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി. ബജറ്റ് അവതരണത്തിനിടെ നിര്‍മലജീക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടപ്പോള്‍ രാഹുല്‍ ചിരിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വയ്യാതാവുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ ചിരിക്കുമോ?’- സ്മൃതി ഇറാനി പറഞ്ഞു.

ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമാണ് ധനമന്ത്രി ഇന്നലെ നടത്തിയത്. 2 മണിക്കൂറും 40മിനിറ്റുമായിരുന്നു ബജറ്റ് അവതരണം.

Top