അയോദ്ധ്യ ഭൂമി തട്ടിപ്പില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്‍ സ്വയം സത്യവും നീതിയും മതവുമാണെന്നും രാമന്റെ പേരില്‍ ചതി ചെയ്യാന്‍ പാടില്ലെന്നും രാഹുല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ‘ശ്രീരാമന്‍ ന്യായമാണ്. സത്യമാണ്, ധര്‍മ്മമാണ്. അദ്ദേഹത്തിന്റെ പേരില്‍ ചതി നടത്തരുത്.’ എന്നായിരുന്നു രാഹുല്‍ കുറിച്ചത്.

ചില പ്രദേശിക ബിജെപി നേതാക്കളുടേയും ട്രസ്റ്റ് ഭാരവാഹികളുടേയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് മുന്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയും ഉത്തര്‍പ്രദേശ് മന്ത്രിയുമായി പവന്‍ പാണ്ഡെയുടെ ആരോപണം. ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top