കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ ഗാന്ധി; ട്വിറ്ററിന് നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ച സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. രാഹുലിന്റെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത് നീക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഇവര്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാനാകും.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് അവളെ തിരിച്ചറിയാനിടയാക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കാനും ട്വീറ്റ് നീക്കം ചെയ്യാനും ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യയോട് വ്യക്തമാക്കി.

ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരിന്ന് ഇവര്‍ സംസാരിക്കുന്നതും രാഹുല്‍ ഇവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Top