കര്‍ഷകര്‍ മുട്ടുകുത്തിച്ചു, ഒടുവില്‍ മാപ്പ് ! മോദിയുടെ വീഴ്ചയില്‍ സ്‌കോര്‍ ചെയ്ത് രാഹുല്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷക വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയപ്പെടുന്നുവെന്നും മാപ്പ് പറഞ്ഞതോടെ പ്രധാനമന്ത്രി കുറ്റക്കാരനെന്ന് സമ്മതിച്ചുവെന്നും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ഇരുസഭകളും പാസാക്കിയതോടെ രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാകും. ലോക്‌സഭയും രാജ്യസഭയും ചര്‍ച്ച കൂടാതെയാണ് ബില്‍ പാസാക്കിയത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷത്തിന് ശേഷമാണോ കേന്ദ്രത്തിന് നിയമം പിന്‍വലിക്കാന്‍ തോന്നിയതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. നിയമം പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

അതേസമയം, മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Top