അധ്യക്ഷ സ്ഥാനത്തേയ്ക്ക് വീണ്ടുമെത്താന്‍ രാഹുല്‍; അണിയറയില്‍ ചരടുവലിച്ച് നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നത് പരിഗണിക്കുമെന്ന് രാഹുല്‍ ഗാന്ധി. ശനിയാഴ്ചത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെന്നു നേതാക്കള്‍ വ്യക്തമാക്കി. അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘പരിഗണിക്കാം’ എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയതെന്ന് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ ആവശ്യപ്രകാരമാണ് രാഹുലിന്റെ മനംമാറ്റമെന്നാണ് വിവരം.

അടുത്ത വര്‍ഷം സെപ്റ്റംബറോടെ പൂര്‍ണതോതില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനമായിരുന്നു. അധ്യക്ഷപദവിയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് ഉള്‍പ്പെടെ അപ്പോഴായിരിക്കും.

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് രാജിവച്ചത്. ഇതിനു പിന്നാലെ സോണിയ ഗാന്ധിയെ താല്‍ക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരിച്ചുവരണമെന്ന് പലതവണ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ആദ്യമായാണ് അനുകൂല പ്രതികരണമുണ്ടാകുന്നത്.

Top