യുപി പൊലീസ് തള്ളിയത് വലിയ കാര്യമല്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹത്രാസ് സന്ദര്‍ശന സമയത്ത് ഉത്തര്‍പ്രദേശ് പൊലീസ് തള്ളിവീഴ്ത്തിയത് കാര്യമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ജോലി രാജ്യത്തെ സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആകെ ഒരു മൂലയിലേക്ക് തള്ളിമാറ്റുകയും അടിച്ചൊതുക്കുകയുമാണ്. തന്നെ തള്ളിയിട്ട സംഭവം വലിയ കാര്യമൊന്നുമല്ല. രാജ്യത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ലാത്തിയും തള്ളിവീഴ്ത്തലും സഹിക്കാന്‍ തയാറാണെന്നും രാഹുല്‍ പറഞ്ഞു.

യഥാര്‍ഥത്തില്‍ തള്ളി വീഴ്ത്തിയത് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെയാണ്. പെണ്‍മക്കളുള്ള ആളുകള്‍ക്ക് ഇത് മനസിലാകും. നിങ്ങള്‍ക്ക് ഒരു മകളില്ലെങ്കില്‍ ഹത്രാസിലെ കൊലപാതകം മനസിലാക്കാന്‍ ശ്രമിക്കുക. നിങ്ങളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകനെ കൊലപ്പെടുത്തുന്നു.

കളക്ടര്‍ എത്തിയിട്ട് വായ തുറക്കരുതെന്ന് ഭീഷണിപ്പെടുത്തുന്നു. അവര്‍ നിങ്ങളോട് പറയുകയാണ്, രാഹുല്‍ ഗാന്ധി പോകും, യുപി സര്‍ക്കാര്‍ ഇവിടെ തന്നെ കാണും. താന്‍ അവിടെ പോയത് അവര്‍ ഒറ്റയ്ക്കല്ലെന്ന് പറയാനാണ്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കുമായി താന്‍ ഇവിടെത്തന്നെയുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top