മോദിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്: രാഹുല്‍ ഗാന്ധി

കോഴിക്കോട്: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സാസംകാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് നരേന്ദ്ര മോദിയുടേത്. കോണ്‍ഗ്രസ് മറുപക്ഷത്താണുള്ളത്. വൈവിധ്യമാണ് കോണ്‍ഗ്രസ് എല്ലാ കാലവും ഉയര്‍ത്തുന്ന നയം. രാജ്യത്തെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കിയതില്‍ നരേന്ദ്ര മോദി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് രാമചന്ദ്ര ഗുഹ, മണി രത്‌നം തുടങ്ങി 49 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

Top