അനുഭവങ്ങള്‍ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കഴിഞ്ഞ കാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യാജ വാഗ്ദാനങ്ങൾ കേട്ട് പൊതുജനങ്ങൾ ഏറെ വഞ്ചിതരായിട്ടുണ്ടെന്നും അതുകൊണ്ടാണ് കാർഷിക നിയമം പിൻവലിക്കാമെന്ന് സമ്മതിച്ചിട്ടും കർഷകർ സമരം തുടരുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഒരു വർഷത്തിലേറെയായി നടന്നു വരുന്ന സമരം കാർഷിക നിയമം പാർലമെൻറിൽ പിൻവലിക്കുകയും തങ്ങളുടെ ഇതര ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ നിർത്തുകയുള്ളൂവെന്നാണ് കർഷകർ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്വിറ്ററിൽ രാഹുലിന്റെ പ്രതികരണം. #FarmersProtest continues എന്ന ഹാഷ്ടാഗോടെ ഹിന്ദിയിലായിരുന്നു ട്വീറ്റ്.

നേരത്തെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.

Top