പൗരത്വ നിയമം വൃത്തികെട്ട ആയുധം; പ്രതിരോധം സത്യാഗ്രഹം; ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ബില്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങള്‍ അക്രമരഹിതമായ സത്യാഗ്രഹത്തിലേക്ക് മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയ്‌ക്കെതിരെ ഫാസിസ്റ്റുകള്‍ കൂട്ടായ ധ്രുവീകരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റുകയാണെന്നും രാഹുല്‍ അവകാശപ്പെട്ടു.

അതേസമയം ഇവയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും, ഇത്തരം പ്രതിഷേധങ്ങളെ പിന്തുണയ്ക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ‘സിഎബിയും, എന്‍ആര്‍സിയും ഫാസിസ്റ്റുകള്‍ ധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ്. ഈ വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരെ അതിക്രമരഹിതമായ സത്യാഗ്രഹമാണ് മികച്ച പ്രതിരോധം. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ ഒപ്പമുണ്ട്’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ ബില്ലിന്റെ പേരില്‍ ജാമിയ മിലിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും, ഡല്‍ഹി പോലീസും ഏറ്റുമുട്ടിയിരുന്നു. ഹൈദരാബാദിലെ മൗലാന ആസാദ് നാഷണല്‍ ഉര്‍ദ്ദു യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കും പ്രതിഷേധങ്ങള്‍ വ്യാപിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ ഒതുക്കാന്‍ ആയുധമാക്കുമെന്ന ആശങ്കയിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് അതിക്രമം പരിശോധിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കലും, കലാപം പടര്‍ത്തലും അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആവശ്യപ്പെട്ടു

Top