മോദി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ മോദിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്റില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത വ്യക്തിയുടെ ചോദ്യങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

‘കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ മോദിജി പറയുന്നതൊന്നും രാഹുല്‍ ശ്രദ്ധിക്കാറില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിന്റെ അര്‍ത്ഥം എന്താണെന്ന് വച്ചാല്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ട് രാഹുലിന്റ വായ മൂടിക്കെട്ടാന്‍ സാധിക്കില്ലെന്നാണ്. ഞാന്‍ ഒരിക്കലും പിന്മാറില്ല. മോദി പറയുന്നത് ഞാന്‍ എന്തിന് കേള്‍ക്കണം,’ എന്നായിരുന്നു രാഹുല്‍ പ്രസംഗിച്ചത്.

ഇന്ത്യാ – ചൈന പ്രതിസന്ധിയേയും രാജ്യത്ത് രൂക്ഷമായികൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയേയും കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി പ്രധാനമന്ത്രി ഇനിയും നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് പാര്‍ലമെന്റില്‍ പറയുന്ന കാര്യങ്ങളൊന്നും രാഹുല്‍ ശ്രദ്ധിക്കാറില്ലെന്ന് മോദി തിരിച്ചടിച്ചത്.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പാര്‍ലമെന്റില്‍ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടികള്‍ അതാത് മന്ത്രിമാര്‍ ഇതിനോടകം തന്നെ പാര്‍ലമെന്റില്‍ നല്‍കികഴിഞ്ഞെന്നും അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അതേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തന്നെ നല്‍കണമെന്ന് വാശിപിടിക്കുന്ന ആള്‍ക്ക് താന്‍ എന്തിന് മറുപടി നല്‍കണമെന്നും മോദി ചോദിച്ചു.

Top