70 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് മോദി വിറ്റ് തുലയ്ക്കുന്നെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അനാവരണം ചെയ്ത ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി രാജ്യത്തെ കഴിഞ്ഞ എഴുപത് കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടേണ്ട എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്. ഇത് വലിയ ദുരന്തമാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എഴുപത് വര്‍ഷം രാജ്യത്ത് ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാല്‍ 70 വര്‍ഷത്തെ സമ്പത്താണ് ഇപ്പോള്‍ വില്‍ക്കുന്നത്. മോദി സര്‍ക്കാര്‍ സമ്പദ്‌മേഖലയെ തകര്‍ത്തു. എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു.

റെയില്‍, റോഡ്, വൈദ്യുതി മേഖലകളില്‍ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. നാല് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആസ്തികളില്‍ നിന്ന് വരുമാനം സമാഹരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കും. കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്.

Top