കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാക്കിസ്ഥാനെതിരെ തുറന്നടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുല്‍ ഗാന്ധി ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. പക്ഷെ ഇക്കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യത്തിനും റോളില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. അതിന് കാരണം പാക്കിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്ന പ്രധാനികളാണ് പാക്കിസ്ഥാന്‍,’ രാഹുല്‍ ഗാന്ധി ആരോപിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇതാദ്യമായിട്ടാണ് രാഹുല്‍ പാക്കിസ്ഥാനെതിരെ രംഗത്തെത്തുന്നത്.നേരത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് പോയ രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെ തിരിച്ചയച്ചിരുന്നു.

ജമ്മു- കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.

Top