ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയം; എന്താണ് അടുത്ത തന്ത്രം: മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് രോഗികളുടെ എണ്ണം ഓരോ 24 മണിക്കൂറിലും ഏഴായിരം വരെ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിനെ വിമര്‍ശനവുമായി രാഹുല്‍ രംഗത്ത് വരുന്നത്.

മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും ലോക്ക്ഡൗണ്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നതെന്നും രാഹുല്‍ ആരോപിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാലു ഘട്ട ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. കൊറോണയെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും അവകാശപ്പെട്ടിരുന്നു. അത് സംഭവിച്ചില്ല. ഞാന്‍ പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, എന്താണ് സര്‍ക്കാരിന്റെ തന്ത്രം’- രാഹുല്‍ ചോദിച്ചു.

രോഗം തടയുന്നതിനെക്കുറിച്ചോ, കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം സംബന്ധിച്ചോ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതുമായിട്ടോ എന്താണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടു. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. കേന്ദ്രത്തിന്റെ പ്ലാന്‍ ബി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് കുറച്ച് സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നു. കര്‍ഷകരെ സഹായിക്കുന്നു. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. വൈറസ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പോകുന്ന ഏകരാജ്യമാണ് ഇന്ത്യ. ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെട്ടുവെന്നും ഫലവും ലഭിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

Top