കാര്‍ഷിക നിയമം കര്‍ഷകരെ ഇല്ലാതാക്കാനുള്ളതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിനു മുന്നിലായിരുന്നു പ്രതിഷേധ പരിപാടികള്‍ നടന്നത്.

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂവെന്ന് രാജ് നിവാസിനു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞു. ഈ നിയമങ്ങള്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളവയല്ല, അവരെ ഇല്ലാതാക്കാനുള്ളവയാണ്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അവരെ തടഞ്ഞു. ഇന്ന് ബി.ജെ.പിയും രണ്ട്-മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന് ഒരിക്കല്‍ക്കൂടി കര്‍ഷകരെ ആക്രമിക്കുകയാണ്-രാഹുല്‍ ആരോപിച്ചു.

Top