കുടിയേറ്റ തൊഴിലാളികളുടെ മരണം; കേന്ദ്ര നിലപാടിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ വിമര്‍ശനം നടത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ ലോക്ഡൗണ്‍ കാലയളവില്‍ എത്ര കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചുവെന്നതിനെ കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങളുടെ പക്കല്‍ വിവരങ്ങള്‍ ഒന്നുമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘ ലോഡൗണ്‍ കാലയളവില്‍ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍ യാതൊരു വിവരവും ഇല്ല. അതുകൊണ്ടു തന്നെ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് പാര്‍ലമെന്റില്‍ തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വര്‍ അറിയിച്ചത്.

‘ലോക്ക്ഡൗണ്‍ സമയത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്ന് മോദി സര്‍ക്കാരിന് അറിയില്ല. എത്ര തൊഴില്‍ നഷ്ടപ്പെട്ടുവെന്നും അറിയില്ല. നിങ്ങള്‍ എണ്ണയിട്ടില്ലെങ്കില്‍ ആരും മരിച്ചിട്ടില്ലെന്നാണോ?. ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നത് ദുഃഖകരമായ കാര്യമാണ്. അവര്‍ മരിക്കുന്നത് ലോകം മുഴുവന്‍ കണ്ടു, എന്നാല്‍ മോദി സര്‍ക്കാരിന് അതറിയില്ല’ രാഹുല്‍ ട്വീറ്റ് ചെയ്തു.

കോവിഡ് നിയന്ത്രണത്തിനായി മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കടക്കം ലക്ഷ കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. തൊഴില്‍ നഷ്ടമായ കുടിയേറ്റത്തൊഴിലാളികള്‍ കിലോമീറ്ററുകള്‍ താണ്ടി സ്വന്തം നാടുകളിലേക്ക് പോകുന്നത് ലോക്ക്ഡൗണ്‍ കാലത്തെ ഹൃദഭേദകമായ കാഴ്ചയായിരുന്നു. അപകടങ്ങളെ തുടര്‍ന്നും മറ്റുമായി നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും മരിച്ചത്.

Top