ദോക് ലാമില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ -ചൈന അതിര്‍ത്തി പ്രദേശമായ ദോക് ലാമില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ദോക് ലാമില്‍ ചൈന പുതിയ റോഡ് നിര്‍മ്മാണം തുടങ്ങിയെന്ന സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ദോക് ലാം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയാന്‍ താല്‍പര്യമുണ്ട്,പൊങ്ങച്ചം പറയുന്നത് കഴിഞ്ഞാല്‍ ഡോക്‌ലാമിലെ ചൈനയുടെ റോഡ് നിര്‍മ്മാണത്തെ കുറിച്ച് മോദി വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലും ദോക്‌ലാം വിഷയത്തില്‍ മോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തെ ഏത് തരത്തിലാണ് സര്‍ക്കാര്‍ നേരിടുന്നത്,ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ വീണ്ടും സബര്‍മതിയിലേക്ക് ക്ഷണിക്കാന്‍ മോദി ആലോചിക്കുന്നുണ്ടോ എന്നും കപില്‍ സിബല്‍ ചോദിച്ചു.

ദോക്‌ലാമില്‍ ചൈന പുതിയ റോഡ് നിര്‍മ്മാണം ആരംഭിക്കുന്നുവെന്ന സ്ഥിരീകരിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ, നിലവിലുള്ള റോഡിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്.

Top