യാത്രക്കാർക്കൊപ്പം സംവദിച്ച് ബിലാസ്പുരിൽ നിന്ന് റായ്പുരിലേക്ക് രാഹുലിന്റെ ട്രെയിൻ യാത്ര – വീഡിയോ

റായ്പുർ : കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ നിന്ന് തലസ്ഥാന നഗരമായ റായ്പുരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറൽ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള കുമാരി സെൽജ, ഛത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

ബിലാസ്പുരിൽ നിന്നുള്ള ഇന്റർസിറ്റി ട്രെയിനിലാണ് നേതാക്കൾ യാത്ര ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നേതാക്കൾ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യാത്രക്കാർക്കൊപ്പം സംവദിച്ച രാഹുൽ, ഓട്ടോഗ്രാഫും നൽകി. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ, ‘മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന’ (എംജിഎഎൻവൈ) പദ്ധതി ആരംഭിക്കുന്നതിനായാണ് രാഹുൽ ബിലാസ്പുരിലെത്തിയത്.

നേരത്തെ, ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ ചുമുട്ടുതൊഴിലാളികളെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി തൊഴിലാളികളുടെ ചുവന്ന വേഷം ധരിച്ച് പെട്ടി ചുമക്കുന്നതിന്റെ വിഡിയോയും വൈറലായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ രാഹുൽ ഗാന്ധി ഇവിടം സന്ദർശിക്കണമെന്നു തൊഴിലാളികൾ മുൻപ് ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുൽ ഗാന്ധി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെത്തിയത്.

Top