വി.എം സുധീരനെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുക വഴി കേരളത്തിലെ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വ്യക്തമായ സന്ദേശമാണിപ്പോള്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സുധീരനെ മുന്‍ നിര്‍ത്തി മുന്നോട്ടു പോകുമെന്നു തന്നെയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധീരനും മത്സര രംഗത്തുണ്ടാകുമെന്നാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം നല്‍കുന്ന സൂചന. കോണ്‍ഗ്രസ്സിലെ വിവിധ ഗ്രൂപ്പുകള്‍ക്കും യു.ഡി.എഫിലെ പ്രമുഖ ഘടക കക്ഷികള്‍ക്കും ദഹിക്കാത്ത നിലപാടാണ് ഇതെങ്കിലും ഇനി ഒരിക്കല്‍ കൂടി പ്രതിപക്ഷത്തിരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചാല്‍ അവര്‍ക്കാര്‍ക്കും തന്നെ എതിര്‍ക്കാന്‍ കഴിയുകയില്ല.
ലോകസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയ 19 സീറ്റുകള്‍ എന്ന മിന്നും വിജയം ഇത്തവണയും രാഹുല്‍ വായനാട്ടില്‍ മത്സരിച്ചാലും ആവര്‍ത്തിക്കാന്‍ കഴിയില്ലന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. പത്തില്‍ കൂടുതല്‍ സീറ്റെങ്കിലും നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനായി സുധീരന്‍ ഉള്‍പ്പെടെയുള്ള ജനകീയ നേതാക്കളെയും പ്രചരണത്തിനായി ഇറക്കും.
ഉമ്മന്‍ ചാണ്ടിക്കു ശേഷം ജനകീയനായ ഒരു നേതാവ് കോണ്‍ഗ്രസ്സില്‍ ഉണ്ടെങ്കില്‍ അത് വി.എം സുധീരനാണ്. ആരൊക്കെ കോണ്‍ഗ്രസ്സ് വിട്ടാലും മരണം വരെ കോണ്‍ഗ്രസ്സില്‍ തുടരുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി വലവീശുന്ന സാഹചര്യത്തില്‍ സുധീരന്റെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടി വോട്ടു പിടിച്ചാല്‍ ഇടതുപക്ഷത്തെ തളയ്ക്കാന്‍ കഴിയുമെന്നാണ് രാഹുല്‍ ഗാന്ധിയും കരുതുന്നത്. നേരിട്ട് കേരളത്തില്‍ ലാന്‍ഡ് ചെയ്താല്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ തോല്‍പ്പിച്ചു വിടുമെന്ന് ഭയമുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സുധീരനെ ഉയര്‍ത്തികാട്ടി അധികാരം പിടിച്ച ശേഷം മുഖ്യമന്ത്രിയായി ലാന്‍ഡ് ചെയ്യാമെന്ന സ്വപ്നത്തിലാണ് ഇപ്പോഴുള്ളത്.
ലോകസഭ തിരഞ്ഞെടുപ്പ് ഫലം എന്തു തന്നെ ആയാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാന ‘ആയുധവും’ പുറത്തെടുക്കാന്‍ തന്നെയാണ് കെ.സിയുടെ പ്ലാന്‍. മുന്‍ മന്ത്രിയും സ്പീക്കറും ആയിരുന്ന സുധീരനെ 2026-ല്‍ യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ സ്പീക്കറാക്കി ഒതുക്കാം എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്കിടയിലും കെ.സി ക്യാംപ് ഇട്ടു കൊടുത്തിട്ടുണ്ട്. എതിര്‍ വിഭാഗങ്ങളുടെ എതിര്‍പ്പു കുറക്കുന്നതിനു വേണ്ടിയാണ് തന്ത്രപരമായ ഈ നീക്കം ഇപ്പോഴേ തുടങ്ങിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന വാഗ്ദാനം നല്‍കി സുധീരനെ ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറക്കാനും അണിയറയില്‍ ശക്തമായ നീക്കമാണ് നടക്കുന്നത്.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ പാളയത്തിലെത്തിക്കാന്‍ ബിജെപി നേതൃത്വവും നിലവില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട് ലോകസഭ തിരഞ്ഞെടുപ്പു കഴിഞ്ഞാലും കേരളത്തില്‍ ഈ പ്രക്രിയ ശക്തമായി തന്നെ തുടരാനാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസിലെ സ്വാധീനമുള്ള നേതാക്കളെയാണ് പ്രധാനമായും ബി.ജെ.പി നോട്ടമിടുന്നത്. ഇതിനായി ഉന്നതതല സമിതിക്കും ചുമതല നല്‍കിയിട്ടുണ്ട്.
കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുള്‍പ്പെടുന്നതാണ് ഈ സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ അതൃപ്തരും അതേസമയം തന്നെ സ്വാധീനമുള്ളവരുമായ നേതാക്കളെ കാവി പാളയത്തിലെത്തിക്കുന്ന ചുമതലയാണ് ഈ സമിതിക്കുള്ളത്. കോണ്‍ഗ്രസിലെ അസംതൃപ്തരെയാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ രണ്ട് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളാണ് ബി.ജെ.പിയുടെ ലിസ്റ്റിലുള്ളത്. ഇതിനു പുറമെ ഒരു പ്രമുഖ കേരള കോണ്‍ഗ്രസ്സ് നേതാവും ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി സ്ഥാനം രാജ്യസഭാംഗത്വം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ വയ്ക്കുന്നതായാണ് സൂചന. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ അട്ടിമറി വിജയം നേടുക എന്നത് ആര്‍.എസ്.എസിന്റെയും പ്രഖ്യാപിത ലക്ഷ്യമാണ്. ലോകസഭയില്‍ തൃശൂരും തിരുവനന്തപുരവും പിടിച്ചു കഴിഞ്ഞാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 നിയമസഭാ സീറ്റുകളും അതിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം തന്നെ പിടിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിനായുള്ള ശ്രമത്തിനാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ തുടക്കമിടുന്നത്.
മുസ്ലീം ന്യൂനപക്ഷ വോട്ട് പ്രതീക്ഷിക്കാത്ത ബി.ജെ.പി കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ശേഖരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നും ഇതിന്റെ ഭാഗമാണ്. ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസ്സിനു ലഭിക്കുന്ന ഈഴവ വോട്ടുകള്‍ അനുകൂലമാക്കി മാറ്റാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഏറ്റവും കൂടുതല്‍ ഈഴവ വോട്ടുകള്‍ ലഭിക്കുന്നത് സി.പി.എമ്മിനാണെങ്കിലും സി.പി.എം. വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തല്‍ എളുപ്പത്തില്‍ സാധ്യമല്ലെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ ബി.ജെ.പി ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുന്നതോടെ ആ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
EXPRESS KERALA VIEW