രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമോ; തീരുമാനം പെട്ടെന്നുവേണമെന്ന് മുസ്ലീം ലീഗ്

മലപ്പുറം:ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമോ എന്നത് സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗ്. ഇക്കാര്യം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേര്‍ന്ന മുസ്ലീംലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വേഗം തീരുമാനം വേണം. പ്രചാരണത്തില്‍ യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്ന സമയമാണിത്. വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വൈകുന്നത് മറ്റുമണ്ഡലങ്ങളിലെ പ്രചാരണത്തെയും ബാധിക്കുന്നു.അതിനാല്‍ തീരുമാനം വൈകരുത്. സ്ഥാനാര്‍ഥി പ്രഖ്യാപനം നീണ്ടുപോകരുതെന്ന വികാരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. പക്ഷേ, തീരുമാനം കോണ്‍ഗ്രസാണ് എടുക്കേണ്ടത്- കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നും പ്രവര്‍ത്തകരും നേതാക്കളും നിരാശയിലാണെന്നുമാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തില്‍ പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. സ്ഥാനാര്‍ഥിയെ അറിയാതെ എങ്ങനെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരുമെന്നാണ് നേതാക്കളുടെ ചോദ്യം.

എന്നാല്‍ രണ്ടു ദിവസത്തിനകം രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കര്‍ണാടകയിലെ റാലിക്ക് മുമ്പ് സ്ഥാനാര്‍ഥിത്വത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ദേശീയ നേതാക്കള്‍ സൂചന നല്‍കുന്നു.

Top