രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം: പാക്ക് കൊടികളേന്തി ആഘോഷിച്ചെന്ന് ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പുലിവാല് പിടിച്ച് സംഭവത്തില്‍ പ്രതികരണവുമായെത്തിയ സുപ്രീം കോടതി ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറി പ്രേരണകുമാരി. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാക്കിസ്ഥാന്‍ കൊടികളേന്തി ചിലര്‍ ആഘോഷിക്കുകയാണെന്നും ഇതില്‍ നിന്നു തന്നെ കോണ്‍ഗ്രസ്സ് ഈ മണ്ഡലം തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് മനസ്സിലായെന്നുമാണ് പ്രേരണകുമാരി ട്വീറ്റ് ചെയ്തത്.

മുസ്ലിം ലീഗിന്റെ പച്ചക്കൊടിയാണ് പാക്കിസ്ഥാന്‍ കൊടിയായി പ്രേരണകുമാരി തെറ്റിദ്ധരിച്ചത്. പൂര്‍വാഞ്ചല്‍ മോര്‍ച്ച ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമാണ് പ്രേരണകുമാരി.
‘ ഞെട്ടിപ്പിക്കുന്നത് … കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ തീരുമാനിച്ചു. പാക്കിസ്ഥാന്‍ കൊടികളുമേന്തിയുള്ള ആഹ്ലാദപ്രകടനം വയനാട്ടില്‍ ആരാണ് നടത്തുന്നതെന്ന് നോക്കൂ…” ” ഇനി നിങ്ങള്‍ക്ക് മനസ്സിലായിരിക്കും എന്ത് കൊണ്ടാണ് കോണ്‍ഗ്രസ്സ് ഈ മണ്ഡലം തിരഞ്ഞെടുത്തതെന്ന്” പ്രേരണാകുമാരി നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു.

അതേസമയം പാക്കിസ്ഥാന്‍ പതാക ഏന്തിയുള്ള പ്രകടനമെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ശബരിമലയില്‍ യുവതീപ്രവേശനം ആവശ്യപ്പെട്ട് കേസുകൊടുത്തവരില്‍ ഒരാളാണ് പ്രേരണാകുമാരി.

നേരത്തെ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ ഹിന്ദുമേഖലയില്‍ നിന്നുള്ള ഒളിച്ചോട്ടമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വരെ വ്യാഖ്യാനിച്ചത്.

Top