ലോക്ഡൗണ്‍ സമ്പൂര്‍ണ്ണ പരാജയം;ഗ്രാഫുമായി രാഹുൽ ഗാന്ധി; കേന്ദ്രത്തിന് വീണ്ടും വിമര്‍ശനം

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണ്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനതോതുമായി താരതമ്യപ്പെടുത്തിയുള്ള ഗ്രാഫ് ട്വീറ്റ് ചെയ്ത് കൊണ്ടാണ് രാഹുല്‍ കേന്ദ്രസര്‍ക്കാറിനേതിരേ വിമര്‍ശനം ഉന്നയിച്ചത്.

പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെ സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ കോവിഡ് കേസുകളുമായി താരതമ്യപ്പെടുത്തിയാണ് അഞ്ച് ഗ്രാഫുകള്‍ രാഹുല്‍ രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.ഈ നാലു രാജ്യങ്ങളിലും ലോക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നു രാഹുല്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ ആ രാജ്യങ്ങളിലെ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നും കോവിഡ് കേസുകള്‍ കുറഞ്ഞതിന് ശേഷമാണ് ഈ രാജ്യങ്ങളെല്ലാം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതെന്നും ഗ്രാഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നില്ല. ദിനംപ്രതി രാജ്യത്തെ കേസുകള്‍ ഉയരുകയാണ്. ഇന്ത്യയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് കേസുകളുടെ എണ്ണം വർധിച്ചതെന്നും രാഹുൽ വ്യക്തമാക്കുന്നു.

മാർച്ച് അവസാനത്തോടെയാണ് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അഞ്ചു ഘട്ടങ്ങളിലായി നീണ്ടുനിന്ന ലോക്ഡൗൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂൺ എട്ടിന് അൺലോക്ക് ആകുകയാണ് ഇന്ത്യ.ഈ സാഹചര്യത്തിലാണ് രാഹുല്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 2,36,657 ആയി ഉയര്‍ന്നിരിക്കുകയാണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ആദ്യഘട്ടങ്ങളില്‍ രോഗബാധ രൂക്ഷമായ ഇറ്റലിയെ ഇന്ത്യ മറികടന്നു കഴിഞ്ഞു. ഇത് വലിയ തോതില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.

കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതമാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top