വിദേശ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി

ദില്ലി: വിദേശ യാത്രയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് രാഹുല്‍ വിദേശത്തേക്ക് പോയത്. ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ലണ്ടനില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടെയാണ് രാഹുല്‍ രാജ്യത്തേക്ക് തിരികെ എത്തിയിട്ടുള്ളത്. രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത്.

കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി നിരന്തരം ആവശ്യം ഉയര്‍ത്തുന്നുണ്ട്. എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാൻ പോലും സാധിക്കുന്നില്ലെന്നുള്ള രാഹുലിന്റെ പരാമര്‍ശമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ഇത് പറഞ്ഞ ശേഷം പാര്‍ലമെന്റില്‍ രാഹുലിന്റെ അസാന്നിധ്യവും ബിജെപി ചോദ്യം ചെയ്തിരുന്നു. അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ നിന്ന് ഇ‍ഡി ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ചിലും രാഹുലിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

ഫെബ്രുവരി 28നാണ് രാഹുല്‍ ലണ്ടനിലേക്ക് പോയത്. ഒരാഴ്ച നീണ്ട യാത്രയെന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാല്‍, യാത്ര നീളുകയായിരുന്നു. യുകെയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിദേശ മണ്ണില്‍ ഇന്ത്യയെ അപമാനിക്കുന്നതിനായിട്ടായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു.

താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ്‍വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രസംഗിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാര സോഫ്റ്റ്‍വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വച്ച് വെളിപ്പെടുത്തിയിരുന്നു.

Top