‘ആഴത്തിലുള്ള സത്യങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നതെന്ന് മോദിക്ക് അറിയാം’; രാഹുല്‍ ഗാന്ധി

ഡല്‍ഹി: ‘ശക്തി’ പരാമര്‍ശത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. താന്‍ പറയുന്നത് ആഴത്തിലുള്ള സത്യമാണെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത്. തന്റെ വാക്കുകള്‍ മോദിക്ക് ഇഷ്ടമല്ല. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും രാഹുല്‍ ഗാന്ധി.

”എന്റെ വാക്കുകള്‍ മോദിക്ക് ഇഷ്ടമല്ല. ആഴത്തിലുള്ള സത്യങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നതെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് എന്റെ വാക്കുകളുടെ അര്‍ത്ഥം വളച്ചൊടിക്കാന്‍ മോദി ശ്രമിക്കുന്നത്. ഞാന്‍ സൂചിപ്പിച്ച ശക്തി, നമ്മള്‍ പോരാടുന്ന ശക്തി, ആ ശക്തിയുടെ മുഖംമൂടിയാണ് മോദി. ഇന്ന്, ഇന്ത്യയുടെ ശബ്ദം, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, മാധ്യമങ്ങള്‍, വ്യവസായ ലോകം, ഭരണഘടനാ ഘടന എന്നിവയെ പിടിച്ചടക്കിയ ഒരു ശക്തിയാണ് അദ്ദേഹം”-രാഹുല്‍ പറഞ്ഞു.

”ഇതേ ശക്തിക്കായി, നരേന്ദ്ര മോദി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നുള്ള ആയിരക്കണക്കിന് കോടി വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍, ആയിരം രൂപയുടെ കടം വീട്ടാനാകാതെ ഇന്ത്യന്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. ഇതേ ശക്തി ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നല്‍കുമ്പോള്‍, ഇന്ത്യന്‍ യുവാക്കള്‍ക്ക് ലഭിക്കുന്നത് അവന്റെ ധൈര്യത്തെ തകര്‍ക്കുന്ന അഗ്‌നിവീര്‍ സമ്മാനമാണ്. രാവും പകലും ഒരേ ശക്തിയെ സല്യൂട്ട് ചെയ്യുന്നതിനിടയില്‍ രാജ്യത്തെ മാധ്യമങ്ങള്‍ സത്യത്തെ അടിച്ചമര്‍ത്തുന്നു”-രാഹുല്‍ ആരോപിച്ചു.

”അതേ ശക്തിയുടെ അടിമയായ നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ മേല്‍ ജിഎസ്ടി അടിച്ചേല്‍പ്പിക്കുകയും പണപ്പെരുപ്പം തടയുന്നതിന് പകരം രാജ്യത്തിന്റെ സമ്പത്ത് ലേലം ചെയ്യുകയും ചെയ്യുന്നു. ആ ശക്തിയെ ഞാന്‍ തിരിച്ചറിയുന്നു, മോദിയും ആ ശക്തിയെ തിരിച്ചറിയുന്നു. മോദി ഒരു തരത്തിലുള്ള മതശക്തിയല്ല. അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി. അതിനാല്‍ ഞാന്‍ അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോഴെല്ലാം മോദി ജിയും അദ്ദേഹത്തിന്റെ നുണകളുടെ യന്ത്രവും രോഷാകുലരാകുന്നു”-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top