കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിജാബ് ധരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസ്സമാക്കുന്നത് രാജ്യത്തെ പെണ്‍കുട്ടികളുടെ ഭാവി തകര്‍ക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന് അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ഹിജാബ് ധരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസ്സമാക്കുന്നത് രാജ്യത്തെ പെണ്‍കുട്ടികളുടെ ഭാവി കവര്‍ന്നെടുക്കുന്നതിന് തുല്യമാണ്. സരസ്വതി എല്ലാവര്‍ക്കും അറിവ് നല്‍കി, അതില്‍ വേര്‍തിരിവില്ല’, എന്നാണ് ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ 25 മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകയിലെ കോളേജില്‍ പ്രവേശനം നിഷേധിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രാഹുല്‍ രംഗത്തെത്തിയത്. ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തുന്നത് അധികൃതര്‍ വിലക്കിയിരുന്നു.

ജനുവരിയില്‍ ഉഡുപ്പിയിലെ പി യു കോളേജില്‍ ഹിജാബ് വിവാദം ഉടലെടുത്തതതോടെയാണ് മറ്റ് കോളേജുകളിലേക്കും പ്രശ്‌നം വ്യാപിച്ചത്. ഹിജാബ് ധരിച്ച ആറു പെണ്‍കുട്ടികളെ അധികൃതര്‍ ക്ലാസില്‍ നിന്നു പുറത്താക്കി. ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്, ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അത് തടയാന്‍ കോളേജിനധികാരമില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ ക്യാമ്പസില്‍ ഹിജാബ് ധരിക്കാമെന്നും ക്ലാസുകളില്‍ ഹിജാബ് ധരിച്ച് കയറാന്‍ പറ്റില്ലെന്നുമുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോളേജ് അധികൃതര്‍.

Top