‘ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുത്’, യോഗിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് രാഹുല്‍ഗാന്ധി രംഗത്ത്. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുല്‍ ട്വീറ്റിലൂടെ യോഗിയോട് ആവശ്യപ്പെട്ടു.

കശ്മീര്‍ മുതല്‍ കേരളം വരെയും പശ്ചിമ ബംഗാള്‍ മുതല്‍ ഗുജറാത്ത് വരെ വൈവിധ്യങ്ങളുടെ മനോഹാരിതയാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞു.

നേരത്തെ യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവര്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു. യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും.

മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ല, യുപിയിലെ ജനങ്ങളും അതായിരിക്കും ആഗ്രഹിക്കുന്നത് എന്നായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്. ഇംഗ്ലീഷിലും ഹിന്ദിയിലും പിണറായി യോഗിക്ക് മറുപടി നല്‍കിയിരുന്നു.

Top