കോണ്‍ഗ്രസ്സുകാര്‍ കാണണം, കമ്മ്യൂണിറ്റി കിച്ചണിലേക്ക് രാഹുല്‍ സഹായം !

കല്‍പ്പറ്റ: വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 3 മെട്രിക് ടണ്‍ അരി നല്‍കി വയനാട് എം പി രാഹുല്‍ഗാന്ധി. വയനാട് ജില്ലയിലെ ഒരോ പഞ്ചായത്തുകള്‍ക്കും 500 കിലോ അരി വീതം ലഭിക്കുമെന്നാണ് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കിയത്. ഇതോടൊപ്പം കമ്മ്യൂണിറ്റി കിച്ചണിലേക്ക് 50 കിലോ വീതം കടലയും വന്‍പയറും കൂടി രാഹുല്‍ഗാന്ധി നല്‍കുമെന്നാണ് വിവരം. നാളെ രാവിലെ മുതല്‍ ഇവ വിതരണം ചെയ്യുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

അതേസമയം ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ്19 നിരീക്ഷണത്തിലാണ്. ഇതോടെ ജില്ലയില്‍ 12647 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി കണക്കുകള്‍. എന്നാല്‍ നിലവില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധനയ്ക്കയച്ച 199 സാമ്പിളുകളില്‍ 184 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്ന 109 പേര്‍ നിരീക്ഷണകാലാവധി അവസാനിച്ച് വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 54 പേരും മാനന്തവാടിയില്‍ നിന്ന് 33 പേരും ട്രൈബല്‍ സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ നിന്ന് 22 പേരുമാണ് ചൊവ്വാഴ്ച്ച നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി മടങ്ങിയത്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് കോവിഡ് രോഗലക്ഷണമില്ല എന്ന പരിശോധന റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എങ്കിലും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ മടങ്ങിയവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജില്ലയില്‍ 169 പേരാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചശേഷം ചെക്ക് പോസ്റ്റുകളില്‍ എത്തിയവരായിരുന്നു ഇവര്‍.

Top