ബിൽക്കിസ് ഭാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിൽ പ്രതിഷേധമറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിമിനലുകൾക്ക് ബിജെപി നൽകുന്ന പിന്തുണയിൽ നിന്ന് സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവമാണ് വെളിപ്പെടുന്നതെന്ന് രാഹുൽ ആരോപിച്ചു. ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജ തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

‘ഉന്നാവോ- ബിജെപി എംഎൽഎയെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനം, കത്വ ബലാത്സംഗ കേസിലെ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി, ഹത്രാസ് ബലാത്സംഗ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ബിജെപി സർക്കാർ നേരിട്ട് ഇടപെട്ടു, ഇപ്പോഴിതാ ഗുജറാത്തിൽ ബലാത്സംഗികളെ മോചിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരിക്കുന്നു. കുറ്റവാളികൾക്കുള്ള പിന്തുണ സ്ത്രീകളോടുള്ള ബി.ജെ.പിയുടെ നിസാര മനോഭാവമാണ് കാണിക്കുന്നത്. ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് നാണമില്ലേ പ്രധാനമന്ത്രി ജീ’; രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതികളെയാണ് സ്വാതന്ത്ര്യദിനത്തിൽ ​ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. 11 പ്രതികളെയും വിട്ടയക്കാൻ ഈ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഈ ശgപാർശ സർക്കാറിന് അയയ്ക്കുകയും ചെയ്തു. തുടർന്നാണ് സ്വാതന്ത്ര്യദിനത്തിൽ മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവുണ്ടായത്.

Top