‘അഞ്ചിന ന്യായ’ പദ്ധതിയുമായി രാഹുൽ ഗാന്ധി; അസം പൊലീസ് രാഹുലിനെതിരെ കേസെടുത്തു

ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പുരോഗമിക്കവേ ‘അഞ്ചിന ന്യായ’ പദ്ധതി അവതരിപ്പിച്ച് രാഹുൽ ഗാന്ധി. സമൂഹത്തിലെ നാല് പ്രധാന വിഭാഗങ്ങളായ യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ എന്നിവർക്ക് അർഹമായ നീതി നേടിയെടുക്കുകയും എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് അഞ്ചിന ന്യായ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ കരടുരൂപം രണ്ട് മാസത്തിനകം തയാറാവുമെന്ന് രാഹുൽ പറഞ്ഞു.

‘‘ന്യായ് യാത്രയ്ക്കു പിന്നിൽ വ്യക്തമായ ആശയമുണ്ട്. രാജ്യത്തെ ശാക്തീകരിക്കുന്നതിൽ നിർണായകമായ നീതിയുടെ അഞ്ച് തൂണുകള്‍ അടുത്ത ഒരു മാസത്തിനുള്ളിൽ കോണ്‍ഗ്രസ് ഉയർത്തിക്കാണിക്കും. യുവാക്കൾക്കുള്ള നീതി, തുല്യ പ്രാതിനിധ്യം, വനിതകൾക്കുള്ള നീതി, കർഷകർക്കുള്ള നീതി, തൊഴിലാളികൾക്കുള്ള നീതി എന്നിവയാണ് അഞ്ച് തൂണുകൾ’’ –രാഹുൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ പേരിൽ അസമിലെ ബിജെപി സർക്കാരുമായി കൊമ്പു കോർക്കുന്നതിനിടെയാണ് രാഹുല്‍ പ്രഖ്യാപനവുമായി രംഗത്തുവന്നത്.

അതിനിടെ, അസം പൊലീസ് രാഹുലിനെതിരെ കേസെടുത്തു. കെ.സി.വേണുഗോപാൽ, കനയ്യകുമാര്‍ തുടങ്ങിയവരെയും പ്രതി ചേർത്തിട്ടുണ്ട്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഹിമന്ദ ബിശ്വ ശർമ അസം ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേ‍ഡ് പൊളിച്ച സംഭവത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

രാജ്യത്തെ ശാക്തീകരിക്കുന്നതിൽ നിർണായകമായ നാലു വിഭാഗങ്ങൾക്ക് നീതി നേടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കോൺഗ്രസ് ന്യായ് യാത്ര നടത്തുന്നത്. സ്ത്രീകൾക്കു വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തുന്നതു വരെയുള്ള കാര്യങ്ങൾ ഉയർത്തിക്കാണിക്കും. രാജ്യത്തെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ, അവസരങ്ങള‌ുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാവും. കർഷകർക്കും തൊഴിലാളികൾക്കും വായ്പാ സൗകര്യം, പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ ഇൻഷുറൻസ്, അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം എന്നിവയെല്ലാം ന്യായ് യാത്രയിലൂടെ ഉയർത്തിക്കാണിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നതായാണ് വിവരം.

നേരത്തേ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഹിമന്ദ ബിശ്വ ശർമയെന്ന് രാഹുൽ വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വച്ച് ആക്രമണം ഉണ്ടാവുകയും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തുടർച്ചയായി പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ രൂക്ഷ വിമർശനമുയർത്തിയത്. ജനുവരി 14ന് മണിപ്പുരിലെ തൗബാലിൽനിന്ന് ആരംഭിച്ച ന്യായ് യാത്ര മാർച്ച് 20ന് മുംബൈയില്‍ സമാപിക്കും.

Top