വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകും; അമേഠിയെ കൈവിട്ട് വയനാടിനെ വരിച്ച് രാഹുല്‍

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തപരാജയത്തില്‍ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഭീഷണിമുഴക്കിയ രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത് വര്‍ദ്ധിത ആത്മവിശ്വാസവുമായി, മോഡിക്കെതിരെ ശക്തമായ പ്രതിപക്ഷമാവുമെന്ന പ്രഖ്യാപനവുമായി. നെഹ്‌റുകുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ പരാജിതനായി രാഹുല്‍ 4,31,770 വോട്ടുമായി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിനെ സ്വന്തം തട്ടകമാക്കുമെന്നും വ്യക്തമാക്കി.

നരേന്ദ്രമോഡി സൃഷ്ടിക്കുന്ന അസഹിഷ്ണുതയെ സ്‌നേഹം കൊണ്ട് നേരിടുമെന്നും ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിച്ച് പാര്‍ലമെന്റില്‍ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്നാണ് എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. വയനാട്ടിലെ വോട്ടര്‍മാരേകിയ നിസ്വാര്‍ത്ഥ സ്‌നേഹവും വിശ്വാസവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനായി നടത്തിയ റോഡ് ഷോയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. വയനാടുമായുള്ള ഹൃദയബന്ധം എന്നും കാത്തുസൂക്ഷിക്കും. പാര്‍ട്ടി പോലും നോക്കാതെ അത്ഭുതാവഹമായ പിന്തുണയാണ് ജനങ്ങളേകിയത്. വയനാടിനെ കാണാന്‍ ഇനിയും താന്‍ വരും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ ചെന്ന് മനസ്സിലാക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും എപ്പോഴുമുണ്ടാവും. വയനാടിനാവും തന്റെ പ്രഥമ പരിഗണന. താന്‍ കേരളത്തിന്റെ കൂടി പ്രതിനിധിയാണ്. പാര്‍ട്ടിക്ക് അതീതമായി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കാളികാവില്‍ പറഞ്ഞു.

കനത്ത മഴയിലും കാളകാളികാവില്‍ വന്‍ജനക്കൂട്ടമാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്. വെയിലും മഴയും കൊണ്ട് മണിക്കൂറുകളോളമാണ് രാഹുലിനെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം കാത്തുനിന്നത്. കാളികാവ് അങ്ങാടിക്ക് സമീപം പള്ളിക്കുളത്തിനടുത്ത് നിന്നും തുറന്ന വാഹനത്തില്‍ കയറിയ രാഹുല്‍ ഗാന്ധി കാളികാവ് ജങ്ഷനില്‍ വന്‍ ജനാവലിയെ അഭിമുഖീകരിച്ച് സംസാരിച്ചു.

‘വി നീഡ് യൂ’ എന്ന കൂറ്റന്‍ ബാനറിന്റെ അകമ്പടിയോടെയാണ് രാഹുലിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചത്. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാം കൊണ്ട് റോഡ് ഷോ വര്‍ണാഭമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,എ .ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എ പി അനില്‍കുമാര്‍ എം എല്‍ എ, സംസ്‌ക്കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

നിലമ്പൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തിയ രാഹുല്‍ റോഡ് മാര്‍ഗം കല്‍പ്പറ്റയിലേക്ക് തിരിക്കും. ഇന്ന് കല്‍പ്പറ്റ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് താമസം. നാളെ രാവിലെ 10ന് വയനാട് കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. 11ന് കല്‍പറ്റ ടൗണ്‍, 11.30തിന് കമ്പളക്കാട്, 12.30തിന് പനമരം, ഉച്ചക്ക് ശേഷം രണ്ടിന് മാനന്തവാടി, മൂന്നിന് പുല്‍പ്പള്ളി, നാലിന് ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഒമ്പതിന് രാവിലെ 10ന് ഈങ്ങാപ്പുഴയിലും 11.30തിന് മുക്കത്തും വോട്ടര്‍മാരോട് നന്ദിപറഞ്ഞ് രാഹുല്‍ ഉച്ചയോടെ തിരിച്ചുപോകും.

Top