പ്രധാനമന്ത്രിയുടേത് കാതലില്ലാത്ത ദീർഘപ്രസംഗം മാത്രം: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണ് പ്രധാനമന്ത്രി നടത്തിയതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. സാമ്പത്തികപ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ മോദി പരാമര്‍ശിച്ചില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചും പരിഹസിച്ചുമായിരുന്നു ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. പാകിസ്ഥാന്റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നതെന്നും രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും മോദി ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷം പിന്നില്‍ നിന്ന് അക്രമ സമരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞു. ഇനിയും പുരോഗതിക്കായി കാത്തിരിക്കാന്‍ രാജ്യത്തിനാവില്ല. ഒരു പുതിയ മാനസികാവസ്ഥയോടെ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രം ആഗ്രഹിച്ചു. അതു കാരണമാണ് ഞങ്ങള്‍ ഇവിടെയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ വേഗത്തില്‍ പോയിരുന്നെങ്കില്‍ രാമക്ഷേത്രം ഇന്നും തര്‍ക്കമായി നിലനില്‍ക്കുമായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കലും മുത്തലാഖ് ബില്ലും നടപ്പാക്കുമായിരുന്നില്ലെന്നും മോദി പറഞ്ഞു.

Top