രാഹുൽ ​ഗാന്ധിയുടെ വിമാനം ‌യുപിയിൽ ഇറക്കാൻ അനുവച്ചില്ലെന്ന് കോൺ​ഗ്രസ്

ലഖ്നൗ: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമാനത്തിന് വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചെന്ന് കോൺ​ഗ്രസ് ആരോപണം. യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രം​ഗത്തെത്തിയത്. രാഹുൽ ​ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10:45ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ ഭയമാണെന്നും അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അജയ് റായ് ആരോപിച്ചു. ചൊവ്വാഴ്ച വാരാണസിയിലും പ്രയാഗ്‌രാജിലും രാഹുൽ ​ഗാന്ധി പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ, വിമാനത്തിന് അനുമതി നിഷേധിച്ചതോടെ പങ്കെടുക്കാനാകില്ല, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിന്റെ പേരിലാണ് രാഹുൽ ​ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.

Top