‘ഉമ്മന്‍ ചാണ്ടി പ്രചോദനം’: അനുസ്മരണ യോഗത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി രാഹുൽ ഗാന്ധി

മലപ്പുറം : മലപ്പുറത്തു നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അപ്രതീക്ഷിത സന്ദർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയവെയാണ് മലപ്പുറം ‍ഡിസിസി സംഘടിപ്പിച്ച യോഗത്തിലേക്ക് അദ്ദേഹം എത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നവരിൽ രാഹുലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽനിന്നാണ് ഉയർന്നുവരേണ്ടതെന്നും ഉമ്മൻ ചാണ്ടി അത്തരത്തിൽ ഉയർന്നുവന്ന ഒരാളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി പ്രവർത്തിച്ച കുറച്ചുനാളത്തെ അനുഭവമുണ്ട്. ഏറെ മുതിർന്ന നേതാവായിരുന്ന അദ്ദേഹം ധാരാളം മാർഗനിർദേശങ്ങൾ തന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ അദ്ദേഹത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

‘‘രാഷ്ട്രീയ ജീവിതത്തിന്റെ ഈ യാത്രയിൽ ഒരുപാട് അപകടങ്ങളുണ്ട്. അധികാരം നിങ്ങൾക്ക് ദുരുപയോഗപ്പെടുത്താം, അധികാരമുപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാം. ജനത്തേക്കാൾ വലുതാണു തങ്ങളെന്നു നേതാക്കൾക്കു തോന്നിയേക്കാം. നിങ്ങൾ അഴിമതിയുടെ വഴിയിൽ പോയേക്കാം. കഴിഞ്ഞ കുറച്ചുനാളുകളായി ഞാൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് അസുഖമായിരുന്നുവെന്ന് എനിക്ക് അറിയാം. അദ്ദേഹം എന്നെ വിളിച്ച് യാത്രയുടെ ഭാഗമാകണമെന്നു താൽപര്യം പ്രകടപ്പിച്ചു. എന്നാൽ വേണുഗോപാലിനോടു പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ അവസ്ഥയിൽ യാത്രയുടെ ഭാഗമാവുക എന്നത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവും എന്നതായിരുന്നു കാരണം. എന്നിരുന്നാലും അദ്ദേഹം എന്നോടൊപ്പം കുറച്ചുദൂരം നടന്നു. ആരുടെയും സഹായമില്ലാതെ നടക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം.

20 വർഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. ഒരിക്കൽപോലും അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടിട്ടില്ല. അദ്ദേഹവും ആരെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല. ഒരുതരത്തിലും ജനത്തെ വിഭജിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇവിടെയുള്ള ചെറുപ്പക്കാർക്ക് ഉമ്മൻ ചാണ്ടി പ്രചോദനമാണ്. അദ്ദേഹത്തിന്റെ വഴിയെ നടക്കാൻ യുവാക്കൾക്കു കഴിയണം. അത്തരം നേതാക്കളെ ആവശ്യമുള്ള നാടാണിത്. അദ്ദേഹത്തെപ്പോലെയുള്ള വലിയ നേതാവിനെക്കുറിച്ച് സംസാരിക്കാനായതുതന്നെ ‘വലിയ കാര്യ’മായി കാണുന്നു – രാഹുൽ കൂട്ടിച്ചേർത്തു.

Top