നമോ ആന്‍ഡ്രോയ്ഡ് ആപ്പ് വ്യക്തികളുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചോര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. നമോ ആന്‍ഡ്രോയ്ഡ് ആപ്പ് അത് ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചോര്‍ത്തുന്നുവെന്ന് രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു. ‘ഡിലീറ്റ് നമോ’ എന്ന ഹാഷ് ടാഗിലൂടെയാണ് മോദിക്കെതിരായ രാഹുലിന്റെ പുതിയ പ്രചാരണം.

ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ജി.പി.എസ് വഴി ചോര്‍ത്തുന്നു. ജി.പി.എസ് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ സുഹൃത്തുകളും കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളുമാണ് ചോര്‍ത്തുന്നതെന്നും ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ബിഗ് ബോസ് ആണ് മോദിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇതിന് പുറമെ വിദ്യാര്‍ഥികളുടെ വിവരങ്ങളും ആപ്പ് വഴി ചോര്‍ത്തുന്നുണ്ട്. രാജ്യത്തെ 13 ലക്ഷം എന്‍.സി.സി കേഡറ്റ് അംഗങ്ങളെ നമോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

മോദി ആപ്പില്‍ കയറുന്നവരുടെ വിവരങ്ങള്‍ മോദി അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് ചോര്‍ത്തി കൊടുക്കുമെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചോര്‍ത്തല്‍ വിവരം മൂടിവെക്കാനും നീക്കം നടക്കുന്നതായും രാഹുല്‍ ആരോപിച്ചിരുന്നു.

Top