രാഹുൽ ഗാന്ധി മാതൃകയാക്കിയ നേതാവ് സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെയെന്ന് . . !

യനാട് എം.പി മാത്രമായി ചുരുങ്ങാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കി ! പദവികളില്‍ തുടരണമെന്ന ആവശ്യം ഉയര്‍ത്തിയ നേതാക്കളോട് ഉമ്മന്‍ ചാണ്ടിയെയാണ് ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനവും മുന്നണി ചെയര്‍മാന്‍ സ്ഥാനവും രാജിവച്ച് വെറും എം.എല്‍.എയായി മാത്രമാണ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചിരുന്നത്.

പിന്നീട് അദ്ദേഹത്തെ രാഹുല്‍ ഇടപെട്ട് പ്രവര്‍ത്തക സമിതി അംഗമാക്കുകയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആന്ധ്രയുടെ ചുമതലയും നല്‍കി. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വലിയ വിശ്വസ്തന്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം പദവികള്‍ രാജിവച്ച് ഒഴിഞ്ഞപ്പോള്‍ പദവികള്‍ നല്‍കി ഉയര്‍ത്തി കൊണ്ടുവരുന്ന നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. എങ്കിലും ഇതുവരെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനോ യു.ഡി.എഫ് അധ്യക്ഷനാകാനോ ഉമ്മന്‍ ചാണ്ടി തയാറായിട്ടില്ല. ഈ നിലപാട് രാഹുലിനെ ഏറെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഉമ്മന്‍ ചാണ്ടി പറഞ്ഞതുപോലെ താന്‍ ഇപ്പോള്‍ നേതൃസ്ഥാനത്ത് നിന്നും മാറിയാലും പിന്നീട് ശക്തമായി തിരിച്ചു വരുമെന്ന സന്ദേശവും അണികള്‍ക്ക് രാഹുല്‍ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായി പോരാട്ടം നടത്തുമെന്നും ഇതിനകം തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി കണ്ട് വോട്ട് ചെയ്തവര്‍ പ്രതിപക്ഷ നേതാവായെങ്കിലും അദ്ദേഹം സഭയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഒരു സ്ഥാനവും ഏറ്റെടുക്കാതെ സാധാരണ എം.പിയായി മാത്രം പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ തീരുമാനം. വെറും ഒരു എം.പിയായി എത്ര ദിവസം രാഹുല്‍ സഭയില്‍ ഉണ്ടാകുമെന്നത് ഇനി കണ്ടറിയുക തന്നെ വേണം.

പുതിയ അദ്ധ്യക്ഷന്‍ വന്നാല്‍ പിന്നെ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരാന്‍ സാധ്യതയില്ല. പ്രിയങ്ക ഗാന്ധി അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പുതുതായി വരുന്ന അദ്ധ്യക്ഷന്‍ ആരായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി നീക്കങ്ങള്‍.

എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ക്ക് ഇപ്പോള്‍ ഒരു വിലയും നെഹ്‌റു കുടുംബം കൊടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. നിര്‍ണ്ണായ ഘട്ടങ്ങളില്‍ ഈ നേതാക്കള്‍ മൗനിബാബ ആയതാണ് രാഹുലിനെയും പ്രിയങ്കയെയും ചൊടിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിക്ക് പോലും പഴയ താല്‍പ്പര്യം മുതിര്‍ന്ന നേതാക്കളോട് നഷ്ടപ്പെട്ടിട്ടുണ്ട്. പുതുതലമുറ നേതാക്കളോടാണ് അവര്‍ക്കും താല്‍പ്പര്യം. പുതിയ അധ്യക്ഷന്‍ ആരായാലും അത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ തന്നെയായിരിക്കും.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായി തിരിച്ചുവരാന്‍ പാര്‍ട്ടിയെ സജജമാക്കുക എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. പ്രിയങ്ക ഗാന്ധിയെ യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാട്ടാനും കോണ്‍ഗ്രസ്സില്‍ ആലോചനയുണ്ട്. യു.പിയില്‍ അട്ടിമറി വിജയം നേടാന്‍ പ്രിയങ്ക വഴി സാധിക്കുമെന്നാണ് യു.പിയിലെ നേതാക്കള്‍ അവകാശപ്പെടുന്നത്. യോഗി- പ്രിയങ്ക പോരാട്ടം വന്നാല്‍ യോഗ്യത കൂടുതല്‍ പ്രിയങ്കക്ക് തന്നെയാകുമെന്നാണ് കണക്കു കൂട്ടല്‍.

കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിനിര്‍ണ്ണായകമാണ്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിയും താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന. പ്രവര്‍ത്തക സമിതി ഉള്‍പ്പെടെ അഴിച്ചുപണിയാനാണ് തീരുമാനം. കോണ്‍ഗ്രസ്സിന് അടിത്തറ ഉണ്ടായിട്ടും പരാജയപ്പെട്ട സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ എല്ലാവരും തെറിക്കും. പുതിയ നേതൃനിര കേരളത്തില്‍ ഉള്‍പ്പെടെ ഉയര്‍ന്നു വരും. ആന്റണിയും ചിദംബരവും എല്ലാം നോക്കുകുത്തികളാവുന്ന മാറ്റങ്ങളാണ് കോണ്‍ഗ്രസ്സില്‍ വരാന്‍ പോകുന്നത്.

തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയെങ്കിലും കേരളത്തിലും അടിമുടി അഴിച്ചു പണിയുണ്ടാകും. കെ.പി.സി.സി ഭാരവാഹികളില്‍ പലരും നിലവില്‍ എം.പിമാരാണ്. മാത്രമല്ല പുതിയ യു.ഡി.എഫ് കണ്‍വീനറെ കണ്ടെത്തേണ്ടതുമുണ്ട്. ഗ്രൂപ്പുകള്‍ക്കും മീതെ കഴിവുള്ളവരെ കണ്ടെത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാടായിരിക്കും നിര്‍ണ്ണായകമാവുക. സംസ്ഥാനത്ത് നടക്കാന്‍ പോവുന്ന ആറ് നിയമസഭ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് 2021 ലെ തെരഞ്ഞെടുപ്പിനെയും ബാധിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറില്‍ അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂരിന് പുറമെ എത്ര സീറ്റ് കൂടുതല്‍ പിടിച്ചാലും അത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് നല്‍കുക.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൈവിട്ട ന്യൂനപക്ഷ- ഭൂരിപക്ഷ വിഭാഗങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്നാണ് ഇടതു പ്രതീക്ഷ. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന കേന്ദ്ര നിലപാട് ബി.ജെ.പിക്കും അപ്രതീക്ഷിത ആഘാതമായിട്ടുണ്ട്. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാമെന്ന കാവി സ്വപ്നത്തിനാണ് ഈ നിലപാട് പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. ആകെ കലങ്ങി മറിയുന്ന കേരള രാഷ്ട്രീയത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം വഴിത്തിരിവാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു സര്‍ക്കാറും തുടര്‍ച്ചയായി ഭരണം നടത്തിയിട്ടില്ല. ഈ അവസ്ഥ പൊളിച്ചെഴുതാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.

യു.ഡി.എഫ് ആകട്ടെ ലോക്‌സഭ തെരഞ്ഞെടുപ്പ് നല്‍കിയ വിജയത്തില്‍ വലിയ ആത്മവിശ്വാസത്തിലുമാണ്. 2021ല്‍ യു.ഡി.എഫ് മന്ത്രിസഭയാകും എന്ന് ഉറപ്പിച്ചാണ് നേതാക്കളുടെ പ്രവര്‍ത്തനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കെ.വി തോമസ് മുതല്‍ കെ.സി വേണുഗോപാല്‍ വരെ റെഡിയായി നില്‍ക്കുകയാണ്. മുന്‍ രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യനും മുഖ്യമന്ത്രി കസേര തന്നെയാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇപ്പോഴേ കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആര് കളിച്ചാലും ഒടുവില്‍ കപ്പടിക്കുക ഉമ്മന്‍ ചാണ്ടിയാണെന്ന് വ്യക്തമാക്കി എ ഗ്രൂപ്പ് അണികളും സജീവമാണ്.

വീണ്ടും ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുക എന്നത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയാണ്. സോളാര്‍ കേസില്‍ ബലാത്സംഗ കേസില്‍ കുരുക്കിയതാണ് അദ്ദേഹത്തെ തിരിച്ചു വരവിന് പ്രേരിപ്പിക്കുന്നത്. വീണ്ടും മുഖ്യമന്ത്രിയായി അപവാദങ്ങള്‍ക്ക് ചുട്ട മറുപടി കൊടുക്കുക എന്നതാണ് ലക്ഷ്യം. ഇനി മുഖ്യമന്ത്രി കസേരയില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിയുടെ മറ്റൊരു മുഖമാകും കാണുക എന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പോലും പറയുന്നത്.

സോളാര്‍ കേസ് വഷളാക്കിയത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് എന്ന വികാരമാണ് എ ഗ്രൂപ്പിനുള്ളത്. പൊലീസ് ഭരണം ചെന്നിത്തലക്ക് വിട്ടു കൊടുത്തത് ചരിത്രപരമായ മണ്ടത്തരമായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലാ ഭരണങ്ങള്‍ നിയന്ത്രിക്കുന്ന കളക്ടറേയും എസ്.പിയേയും ഭരിക്കാന്‍ ഐ ഗ്രൂപ്പിന് കഴിഞ്ഞത് എ ഗ്രൂപ്പിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യം ഇനി ഒരവസരം യു.ഡി.എഫിന് ലഭിച്ചാല്‍ ഉണ്ടാകില്ലെന്നാണ് എ വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയാണ് ചെന്നിത്തല ആഭ്യന്തര വകുപ്പ് പിടിച്ച് വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെന്നിത്തലക്ക് മുന്‍പുണ്ടായിരുന്ന സ്വാധീനം കേന്ദ്രത്തില്‍ ഇപ്പോഴില്ലാത്ത സാഹചര്യമാണുള്ളത്. പ്രവര്‍ത്തക സമിതി അംഗമായ ഉമ്മന്‍ ചാണ്ടി കൂടുതല്‍ ശക്തനായി കഴിഞ്ഞു. സ്വന്തം അനുയായി ആയ കെ.സി വേണുഗോപാല്‍ പോലും ചെന്നിത്തലക്കു മീതെ വളര്‍ന്നു കഴിഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാവുക എന്നതാണ് വേണുഗോപാലിന്റെയും ഇപ്പോഴത്തെ ലക്ഷ്യം. കേന്ദ്രത്തില്‍ അടുത്ത കാലത്തൊന്നും സാധ്യത ഇല്ലാത്തതാണ് വേണുഗോപാലിന്റെ മനം മാറ്റത്തിന് കാരണം. യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടി, അതു കഴിഞ്ഞാല്‍ വേണുഗോപാല്‍ എന്ന നിര്‍ദ്ദേശം പോലും അദ്ദേഹത്തിന്റെ അനുയായികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്.

Political Reporter

Top