രാഹുലിനെ ഇറക്കി ആധിപത്യം ഉറപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ സൂപ്പർ പകവീട്ടൽ!

സിദ്ധിഖ് ഇല്ലെങ്കിലും ഐ ഗ്രൂപ്പിന് സീറ്റ് നല്‍കില്ലെന്ന ഉറച്ച നിലപാടില്‍ കരുക്കള്‍ നീക്കി ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ സിദ്ധിഖിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഐ ഗ്രൂപ്പ് കലാപകൊടി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സീറ്റ് സിദ്ധിഖിന് പിടിച്ച് വാങ്ങിയ ഉമ്മന്‍ ചാണ്ടി മറുതന്ത്രം പയറ്റിയത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടി തന്നെ ഉന്നയിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണ്. രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിച്ചാല്‍ 20ല്‍ 20 സീറ്റും നേടാന്‍ പറ്റുമെന്നാണ് ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്. മാത്രമല്ല അത് കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ജനവിധിയെ സ്വാധീനിക്കുകയും ചെയ്യും. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് രാഹുല്‍ വയനാട് മത്സരിക്കണമെന്ന ആവശ്യം ഹൈക്കമാന്റ് പരിഗണിച്ചത്. ഇപ്പോള്‍ നിലവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സിദ്ധിഖിന് തന്നെ രാഹുലിന്റെ പ്രചരണത്തിന്റെ പ്രധാന ചുമതല ഏല്‍പ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.

സ്ഥാനാര്‍ത്ഥിയാവണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം രാഹുല്‍ അംഗീകരിച്ചതായാണ് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ ഹൈക്കമാന്റിലും കേരളത്തിലും ശക്തമായ സ്വാധീനശക്തിയായി ഇനി ഉമ്മന്‍ ചാണ്ടി മാറും. സീറ്റ് ത്യാഗം ചെയ്യുന്ന സിദ്ധിഖിനും വലിയ പദവി ഉറപ്പാണ്. കോണ്‍ഗ്രസിലെ മറ്റ് ഗ്രൂപ്പുകള്‍ക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയാവുക.

രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യം നേരത്തെ എം.എല്‍.എമാരായ വി.ടി.ബല്‍റാമും കെ.എം ഷാജിയും ഉന്നയിച്ചിരുന്നു. കലങ്ങി മറിഞ്ഞ യു.പി യില്‍ സ്ഥിതി പ്രവചനാതീതമായതിനാല്‍ രാഹുല്‍ അമേഠിയില്‍ റിസ്‌ക്ക് എടുക്കരുതെന്ന നിലപാടിനെ തുടര്‍ന്നാണ് വയനാട് സീറ്റ് ഹൈക്കമാന്റ് പരിഗണിച്ചത്. ചരിത്ര ഭൂരിപക്ഷത്തില്‍ ഇവിടെ നിന്നും രാഹുലിന് വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം

വയനാട്ടില്‍ ടി. സിദ്ദിഖിനെ അംഗീകരിക്കാതെ ഐ ഗ്രൂപ്പ് വലിയ കലാപക്കൊടിയാണ് ഉയര്‍ത്തിയിരുന്നത്. ഏതു വിധേനയും സിദ്ധിഖിനെ പരാജയപ്പെടുത്താനായിരുന്നു ഐ ഗ്രൂപ്പിന്റെ രഹസ്യ തീരുമാനം. അതല്ലെങ്കില്‍ ഈ മണ്ഡലം എന്നന്നേയ്ക്കുമായി ഐ ഗ്രൂപ്പിന് നഷ്ടമാകുമെന്നാണ് നേതൃത്വം വിലയിരുത്തിയിരുന്നത്. പരസ്യമായി നിലപാടെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ രഹസ്യമായി അജണ്ട നടപ്പാക്കാനായിരുന്നു നീക്കം. ഈ നീക്കങ്ങളാണിപ്പോള്‍ രാഹുലിന്റെ വരവോടെ ഇല്ലാതാകുന്നത്. ഐ ഗ്രൂപ്പിലെ കെ.പി. അബ്ദുല്‍മജീദ്, ഷാനിമോള്‍ ഉസ്മാന്‍, നിയാസ് എന്നിവരെ തഴഞ്ഞാണ് വയനാട്ടില്‍ കെ.പി.സി.സി നേതൃത്വം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.

പ്രഖ്യാപനം അംഗീകരിക്കാതെ രമേശ് ചെന്നിത്തല കേരളത്തിലേക്കു മടങ്ങിയിരുന്നു. കൈയ്യിലുണ്ടായിരുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലം കൈവിട്ടപ്പോഴും വയനാടായിരുന്നു ഐ ഗ്രൂപ്പിന് തുണയായിരുന്നത്. കോഴിക്കോടും വയനാടും ഒരുമിച്ച് നഷ്ടമാകുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നതായിരുന്നു ഐ ഗ്രൂപ്പിന്റെ കടുത്ത നിലപാട്. എ.ഐ.സി.സി തെരഞ്ഞെടുപ്പു സമിതി അംഗീകരിച്ച് പാര്‍ട്ടി ഔദ്യോഗിക പത്രക്കുറിപ്പിറക്കിയാല്‍ മാത്രമേ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകൂ എന്ന നിലപാടിലായിരുന്നു ഐ ഗ്രൂപ്പ് നേതൃത്വം. തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അംഗീകാരം നല്‍കും മുമ്പെ വയനാട്ടില്‍ സിദ്ദിഖിന്റെയും വടകരയില്‍ കെ. മുരളീധരന്റെയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെയും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെയും പേരുകള്‍ പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ 12 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് അംഗീകരിച്ച് ഔദ്യോഗിക പത്രക്കുറിപ്പുവഴി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്ടില്‍ ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് ഐ ഗ്രൂപ്പിലെ സംസ്ഥാന നേതാക്കള്‍ തന്നെ ഉന്നത നേതൃത്വത്തെ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന വാര്‍ത്ത പുറത്തായത് ഇടത് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സാധ്യതയെ രാഹുലിന്റെ വരവോടെ തകര്‍ന്നടിയുമോ എന്ന ആശങ്കയിലാണ് ഇടതു നേതൃത്വം.

Top